ഇത് കേരള കോണ്‍ഗ്രസിന്റെ ഒരു പറ്റം അനുയായികള്‍ നയിക്കുന്ന ഒരു ബ്ലോഗ്‌ ആണ് ...ഇതില്‍ സത്യം മാത്രമേ പറയൂ ...

നമ്മുടെ ചിഹ്നം

Thursday, November 3, 2011

മോന്‍സ് ജോസഫ് നിയമസഭാ കമ്മിറ്റി ചെയര്‍മാന്‍

കോട്ടയം: കേരള നിയമസഭ സ്ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ കമ്മിറ്റിയുടെ ചെയര്‍മാനായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.യെ തിരഞ്ഞെടുത്തു.

കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍നിന്ന് 96 മുതല്‍ മൂന്നു പ്രാവശ്യം നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മോന്‍സ് ജോസഫ് കേരള കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയാണ്. 2007 മുതല്‍ 2009 വരെ സംസ്ഥാന പൊതുമരാമത്ത് മന്ത്രിയായ ഇദ്ദേഹം കേരള നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക സോണിയ ജോസ് ഭാര്യയും, വിദ്യാര്‍ഥികളായ മരീന, ഇമ്മാനുവല്‍ എന്നിവര്‍ മക്കളുമാണ്.

കുറവിലങ്ങാട്ട് ട്രഷറി അനുവദിക്കും -മന്ത്രി കെ.എം. മാണി

തിരുവനന്തപുരം:കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ കുറവിലങ്ങാട് കേന്ദ്രമായി പുതിയ സബ്ട്രഷറി അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി ധനകാര്യവകുപ്പുമന്ത്രി കെ.എം. മാണി അറിയിച്ചു.

അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂല നടപടി സ്വീകരിച്ചത്. യു.ഡി.എഫ്. സര്‍ക്കാരിനുവേണ്ടി ധനകാര്യമന്ത്രി കെ.എം. മാണി അവതരിപ്പിച്ച ഈ പ്രാവശ്യത്തെ ബജറ്റില്‍ കുറവിലങ്ങാട് സബ്ട്രഷറിക്ക് ടോക്കണ്‍ പ്രൊവിഷന്‍ നല്‍കി ഉള്‍പ്പെടുത്തിയതായി മോന്‍സ് ജോസഫ് എം.എല്‍.എ. പറഞ്ഞു.

ജനങ്ങളുടെ വിഷമങ്ങളും പരാതികളും കേട്ട് ജോസ്.കെ.മാണി എം.പി

വൈക്കം: ജോസ് കെ.മാണി എം.പി നിയോജകമണ്ഡലത്തില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് പരാതികളും പരിദേവനങ്ങളും നിവേദനങ്ങളുമായി ആയിരക്കണക്കിന് നാട്ടുകാര്‍ എത്തി. നിയോജകമണ്ഡലത്തിലെ നാലു കേന്ദ്രങ്ങളിലായിരുന്നു എംപി ജനങ്ങളെ കാണാന്‍ എത്തിയത്. ഇടയാഴം, ടി.വി.പുരം, ചെമ്പ്, തലയോലപ്പറമ്പ് പ്രദേശങ്ങളിലായി വ്യാഴാഴ്ച നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ നൂറുകണക്കിന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. ചികിത്സാ സഹായത്തിനുള്ള അപേക്ഷകള്‍, വിദ്യാലയങ്ങളുടെ വികസനത്തിനുള്ള നിവേദനങ്ങള്‍, പ്രൊവിഡന്റ് ഫണ്ട് സംബന്ധിച്ച പരാതികള്‍ തുടങ്ങിയവ ഉള്‍പ്പെടെ വിവിധ കാര്യങ്ങളുമായാണ് ജനം എംപിയെ കാണാന്‍ എത്തിയത്. ചികിത്സാസഹായം ലഭിച്ച നിരവധി പേര്‍ അദ്ദേഹത്തെ കണ്ട് നന്ദി പറഞ്ഞു.

യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ പോള്‍സണ്‍ ജോസഫ്, കണ്‍വീനര്‍ പി.എന്‍.ബാബു, ജില്ലാ പഞ്ചായത്ത് വൈസ്​പ്രസിഡന്റ് കെ.എ.അപ്പച്ചന്‍, നഗരസഭാധ്യക്ഷ ശ്രീലത ബാലചന്ദ്രന്‍, മോഹന്‍ ഡി.ബാബു, മാധവന്‍കുട്ടി കറുകയില്‍, തര്യന്‍ മാത്യൂസ്, ശിശുപാലന്‍, വക്കച്ചന്‍ മണ്ണത്താലി. വി.പി.ബേബി, ജോസഫ് തട്ടേഴന്‍, എസ്.സാനു, സെബാസ്റ്റ്യന്‍ ആന്റണി, തോമസ് നാല്പതില്‍ചിറ, കെ.കെ.കുട്ടപ്പന്‍, അഡ്വ. പി.വി.സുരേന്ദ്രന്‍, ജിയോ കത്തനാകുറ്റ്, ലൂക്ക് മാത്യു, വി.ടി.ജെയിംസ്, സി.ജെ.ജോണ്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ബീന മോഹനന്‍, എസ്.ഡി.സുരേഷ്ബാബു, ലീന ഡി.നായര്‍, സെലീനാമ്മ ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പിറവത്ത് അനൂപിനെ സ്ഥാനാര്‍ഥിയാക്കാന്‍ ജേക്കബ് ഗ്രൂപ്പ്

തിരുവനന്തപുരം: ടി.എം. ജേക്കബിന്റെ വേര്‍പാടിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പുണ്ടാകുന്ന പിറവം മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ മകന്‍ അനൂപ് ജേക്കബിനെ മത്സരിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതൃയോഗം തീരുമാനിച്ചു. ഇക്കാര്യം യു.ഡി.എഫ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. അന്തിമ തീരുമാനം യു.ഡി.എഫിന്റെകൂടി അനുമതിയോടെ പിന്നീട് പ്രഖ്യാപിക്കും. ജേക്കബിന്റെ ആഗ്രഹവും കൂടി പരിഗണിച്ചാണ് ഈ തീരുമാനം. യു.ഡി.എഫിന് കളങ്കമുണ്ടാക്കുന്ന ഒരു തീരുമാനവും തങ്ങളില്‍ നിന്നുണ്ടാവില്ലെന്നും പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ അറിയിച്ചു. ഇതോടൊപ്പം പാര്‍ട്ടിയുടെ ചുമതല ജോണി നെല്ലൂര്‍ തന്നെ തുടര്‍ന്ന് വഹിക്കാനും യോഗത്തില്‍ തീരുമാനമായി.

ജേക്കബിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന മന്ത്രിസ്ഥാനം പാര്‍ട്ടിക്ക് അവകാശപ്പെട്ടതാണെന്നും അത് തങ്ങള്‍ക്ക് നല്‍കണമെന്നും യു.ഡി.എഫ് നേതാക്കളുമായുള്ള ചര്‍ച്ചയില്‍ ജേക്കബ് വിഭാഗം ആവശ്യപ്പെട്ടു. ഉപതിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ മന്ത്രിയാക്കണമെന്നാണ് ആഗ്രഹം. യു.ഡി.എഫ് ആലോചിച്ച് അക്കാര്യത്തില്‍ ഉചിതമായ ഒരു തീരുമാനം കൈക്കൊള്ളണം. എന്നാല്‍ ഇക്കാര്യത്തില്‍ പിടിവാശിയൊന്നുമില്ലെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി. പിന്നീട് യു.ഡി.എഫ് നേതാക്കളെ കണ്ട് അദ്ദേഹം ഇക്കാര്യം അറിയിക്കുകയും ചെയ്തു.

രാവിലെ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയെ കണ്ട് ചര്‍ച്ച നടത്തിയശേഷം ഉച്ചയ്ക്ക് 12നാണ് ജേക്കബ് വിഭാഗത്തിന്റെ നേതൃയോഗം തുടങ്ങിയത്. ഏകദേശം ഒന്നേമുക്കാല്‍ മണിക്കൂറോളം നീണ്ടു നിന്ന യോഗത്തില്‍ ഏകകണ്ഠമായാണ് അനൂപ് ജേക്കബിന്റെ പേര് അംഗീകരിച്ചത്. പ്രതിസന്ധി ഒഴിവാക്കാന്‍ താന്‍ മത്സരിക്കാനും മന്ത്രിയാകാനുമില്ലെന്ന് രാവിലെ തന്നെ ജോണി നെല്ലൂര്‍ വ്യക്തമാക്കി. ഇതോടെ ജേക്കബിന്റെ പിന്‍ഗാമിയെ സംബന്ധിച്ചുണ്ടായിരുന്ന സംശയങ്ങള്‍ക്കും അവസാനമായി.

പിറവത്ത് ജയിക്കുക, യു.ഡി.എഫിനെ ശക്തിപ്പെടുത്തുക, ഭരണം ശക്തമായി മുന്നോട്ടു കൊണ്ടുപോകുക എന്നതാണ് പാര്‍ട്ടിയുടെ പ്രധാനലക്ഷ്യം. ജേക്കബിനാണ് അവിടെ അഞ്ച് വര്‍ഷത്തേക്ക് ജനവിധി ലഭിച്ചത്. എന്നാല്‍ അദ്ദേഹത്തിന് അത് പൂര്‍ത്തിയാക്കാനായില്ല. ആ സാഹചര്യത്തില്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നവരുടെ ആദരവ് നേടുന്ന സ്ഥാനാര്‍ത്ഥിയെയാണ് തീരുമാനിച്ചത്. തങ്ങളുടെ നേതാവ് മരിച്ച് അടക്കം കഴിയുന്നതിനുമുമ്പ് ക്രൂരമായ ചില വാക്കുകള്‍ പ്രചരിപ്പിച്ചു. അത് തന്നെ വല്ലാതെ വേദനിപ്പിച്ചു. കഴിഞ്ഞ 44 വര്‍ഷമായി ജേക്കബുമായി ബന്ധമുണ്ട്. കഴിഞ്ഞ ബുധനാഴ്ച അദ്ദേഹത്തോട് 20 മിനിറ്റില്‍ കൂടുതല്‍ സംസാരിച്ചപ്പോള്‍ ആ മനസിലെ ആഗ്രഹങ്ങള്‍ തന്നോടു പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലല്ലാതെ പ്രവര്‍ത്തിക്കാന്‍ ആകില്ല. എം.എല്‍.എ, മന്ത്രിസ്ഥാനം എന്നിവയെക്കാള്‍ വലുതാണ് തനിക്ക് പാര്‍ട്ടി നേതൃസ്ഥാനം. അതുകൊണ്ടാണ് മത്സരിക്കാന്‍ താനില്ലെന്ന് ജോണി നെല്ലൂര്‍ പറഞ്ഞത്.

നിയമസഭയ്‌ക്കു പുറത്ത്‌ സ്‌പീക്കര്‍ക്ക്‌ എന്തുകാര്യമെന്നു ജോര്‍ജ്‌

നിയമസഭയ്‌ക്കു പുറത്ത്‌ സ്‌പീക്കര്‍ക്ക്‌ എന്തുകാര്യമെന്നു ജോര്‍ജ്‌

തിരുവനന്തപുരം: നിയമസഭയ്‌ക്കു പുറത്ത്‌ സ്‌പീക്കര്‍ക്ക്‌ എന്തുകാര്യമെന്ന്‌ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌.

വനിതാ വാച്ച്‌ ആന്‍ഡ്‌ വാര്‍ഡിനെ കൈയേറ്റം ചെയ്‌തുവെന്ന ആക്ഷേപത്തെ സംബന്ധിച്ച സ്‌പീക്കറുടെ റൂളിംഗിനു വിരുദ്ധമായി താന്‍ പൊതുയോഗത്തില്‍ പ്രസംഗിച്ചിട്ടില്ലെന്ന്‌ അദ്ദേഹം പത്രസമ്മേളനത്തില്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. നിയമസഭയ്‌ക്കു പുറത്തു നടക്കുന്ന കാര്യങ്ങളില്‍ നടപടിക്കു പോയാല്‍ സ്‌പീക്കര്‍ക്ക്‌ അതിനേനേരം കാണൂവെന്ന്‌ ജോര്‍ജ്‌ പറഞ്ഞു. എരിതീയില്‍ എണ്ണ ഒഴിക്കാന്‍ പി.സി. ജോര്‍ജ്‌ ഇല്ല. അതേസമയം ഭീഷണിക്കുമുന്നില്‍ വഴങ്ങുകയുമില്ല.

മുന്‍മന്ത്രി എ.കെ.ബാലന്‍ എം.എല്‍.എയെ ജാതി പറഞ്ഞു താന്‍ ആക്ഷേപിച്ചുവെന്ന്‌ പറയുന്നത്‌ ശരിയല്ല. ഏതെങ്കിലും സമുദായത്തെയോ ജാതിയെയോ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. പട്ടികജാതിക്കാരോടുളള എന്റെ ആദരവുകൊണ്ടാണ്‌ പട്ടികജാതിക്കാരനായ അദ്ദേഹത്തെപ്പറ്റി ഒന്നും പറയുന്നില്ലെന്ന്‌ ഞാന്‍ പറഞ്ഞത്‌.

ബാലനോട്‌ ഇപ്പോഴും ഞാന്‍ ചര്‍ച്ചയ്‌ക്കു തയാറാണ്‌. എന്നോടൊപ്പമുളള ആളെ ആക്ഷേപിക്കാന്‍ ഒരുദ്ദേശവുമില്ല. രാഷ്‌ട്രീയ മുതലെടുപ്പിനുവേണ്ടി പട്ടികജാതി/വര്‍ഗ വിഭാഗത്തെ ഉപയോഗിക്കുന്നത്‌ ശരിയാണോ എന്ന്‌ ആലോചിക്കണം. ളാഹ ഗോപാലന്റെ നേതൃത്വത്തില്‍ മാസങ്ങളോളം നീണ്ടുനിന്ന ചെങ്ങറ സമരം ഉണ്ടായപ്പോള്‍ അവരെ മോഷ്‌ടാക്കള്‍ എന്നു വിളിച്ച്‌ ആക്ഷേപിച്ച സംഭവമുണ്ടായിട്ടുണ്ട്‌. തെറ്റു ചെയ്‌താല്‍ ആരുടെ മുന്നിലും മാപ്പു പറയാം. തെറ്റു ചെയ്‌തുവെന്ന്‌ ബോധ്യപ്പെടുത്തണം. തെറ്റു ചെയ്യാത്തതിനാല്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ചില്ലെന്ന്‌ ജോര്‍ജ്‌ പറഞ്ഞു. സ്‌പീക്കറുടെ അധികാരത്തെ ചോദ്യം ചെയ്‌തതായി ദൃശ്യമാധ്യങ്ങളില്‍ വന്ന വാര്‍ത്ത ജോര്‍ജ്‌ പിന്നീട്‌ പ്രസ്‌താവനയില്‍ നിഷേധിച്ചു.

നിയമസഭയ്‌ക്കകത്ത്‌ മാത്രമല്ല, സഭയ്‌ക്കു പുറത്തും എം.എല്‍.എമാരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സ്‌പീക്കര്‍ക്ക്‌ അധികാരമുണ്ടെന്ന്‌ ഉറച്ച്‌ വിശ്വസിക്കുന്ന ഒരു എം.എല്‍.എയാണ്‌ താന്‍. നിയമസഭയ്‌ക്കു പുറത്ത്‌ എം.എല്‍.എമാര്‍ പൊതുയോഗങ്ങളില്‍ പ്രസംഗിക്കുന്നതില്‍ സ്‌പീക്കര്‍ നടപടി സ്വീകരിക്കാന്‍ തുടങ്ങിയാല്‍ അദ്ദേഹത്തിന്‌ അതിനുമാത്രമേ സമയം കാണുകയുള്ളൂ എന്ന സാഹചര്യത്തിലാണ്‌ താന്‍ പറഞ്ഞതെന്ന്‌ അദ്ദേഹം വിശദമാക്കി.

ജേക്കബിന് മാണി ഗ്രൂപ്പിന്റെ സ്‌നേഹാഞ്ജലി

കോട്ടയം:
കേരള കോണ്‍ഗ്രസിന്റെ തട്ടകത്തില്‍ ടി.എം.ജേക്കബിനെക്കുറിച്ചുളള ഓര്‍മകള്‍
നിറഞ്ഞു നിന്ന സായാഹ്‌നം. കോട്ടയത്ത് പാര്‍ട്ടി ഓഫീസില്‍ ഒത്തു ചേര്‍ന്ന
കേരള കോണ്‍ഗ്രസ്(എം) നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഉള്ളില്‍ ജേക്കബ്
സ്‌നേഹവികാരമായി. കേരള കോണ്‍ഗ്രസ്(എം) സംഘടിപ്പിച്ച ടി.എം.ജേക്കബ്
അനുസ്മരണയോഗത്തില്‍ നേതാക്കള്‍ അനുഭവങ്ങള്‍ പങ്കുവച്ചു.


കേരളകോണ്‍ഗ്രസ് കുടുംബത്തിലെ നെടുംതൂണുകളില്‍ ഒരാളെയാണ് നഷ്ടമായതെന്ന്
പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി അനുസ്മരിച്ചു. അദ്ദേഹം പാര്‍ട്ടിയുടെ
അമൂല്യസമ്പത്തായിരുന്നു. നിയമസഭയില്‍ ഹോം വര്‍ക്ക് ചെയ്ത് വിഷയങ്ങള്‍
പഠിച്ച് അവതരിപ്പിച്ച അദ്ദേഹം ജനപ്രതിനിധികള്‍ക്ക് മാതൃകയായിരുന്നു.
തനിക്ക് സഹോദരന്‍ നഷ്ടപ്പെട്ട വേദനയാണെന്നും മാണി പറഞ്ഞു.


നിയമസഭയില്‍ വകുപ്പു തിരിച്ചുളള ബില്‍ ചര്‍ച്ചകളില്‍ കൂടുതല്‍ പങ്കെടുത്തത്
ടി.എം. ജേക്കബാണെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ പി. ജെ.ജോസഫ് അനുസ്മരിച്ചു.


പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായകപങ്കാണ് ജേക്കബ് വഹിച്ചതെന്ന്
പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസ് അഭിപ്രായപ്പെട്ടു.
ബില്ലുകള്‍ അവതരിപ്പിക്കുന്ന വേളയില്‍ എം.എല്‍.എ.മാരുടെ ഇഷ്ടതാരമായിരുന്നു
ജേക്കബെന്ന് വൈസ് ചെയര്‍മാന്‍ പിസി ജോര്‍ജ് അനുസ്മരിച്ചു.


കേരള കോണ്‍ഗ്രസ്(എം) ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ മോന്‍സ് ജോസഫ്
എം.എല്‍.എ, ജോയി എബ്രഹാം, ഇ.ജെ. ആഗസ്തി, ടി.വി. എബ്രഹാം, തോമസ് ചാഴികാടന്‍
എന്നിവരും സംസാരിച്ചു.

Sunday, December 19, 2010

കേരള കോണ്‍ഗ്രസ്(എം) വികസന കൂട്ടായ്മ നടത്തി

കേരള കോണ്‍ഗ്രസ്(എം) വികസന കൂട്ടായ്മ നടത്തി കായംകുളം: സി.പി.എമ്മിനും പാര്‍ട്ടിനേതാക്കള്‍ക്കും ധനസമാഹരണത്തിനുള്ള ഉപാധിയാക്കി ഭരണത്തെ മാറ്റിയതാണ് നാടിന് വികസനമുണ്ടാകാത്തതിനുകാരണമെന്ന് കേരളകോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറി എ.സി.മാത്യു എടയാടി പറഞ്ഞു.

കേരള കോണ്‍ഗ്രസ് (എം) കായംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന വികസന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.സത്യന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ.ജോസഫ് ജോണ്‍, സന്തോഷ് ഇട്ടി, വി.സി.കുര്യന്‍, തോമസ്‌കൊപ്പാറ, ബി.ആര്‍.പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

നിയോജക മണ്ഡലം കമ്മിറ്റിയുടെ തീരുമാനമില്ലാതെ ചിലനേതാക്കന്മാര്‍ ഏകപക്ഷീയമായി തീരുമാനിച്ച വികസന കൂട്ടായ്മ ബഹിഷ്‌കരിച്ചതായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.ഉസ്മാന്‍ അറിയിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.തോമസ് എം.മാത്തുണ്ണി ജില്ലാപ്രസിഡന്റ് ജേക്കബ് തോമസ് അരികുപുറം, എന്നിവരുള്‍പ്പെടെയുള്ള നേതാക്കളും കൂട്ടായ്മയില്‍ പങ്കെടുക്കാത്തത് ഏകപക്ഷീയ നിലപാടിനുള്ള തിരിച്ചടിയാണെന്നും ഉസ്മാന്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസ് (എം) വികസനക്കൂട്ടായ്മ ഉദ്ഘാടനം 20 ന്

കേരള കോണ്‍ഗ്രസ് (എം) വികസനക്കൂട്ടായ്മ ഉദ്ഘാടനം 20 ന്

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ആവിഷ്‌കരിച്ച സമൃദ്ധകേരളം സംതൃപ്തകേരളം പരിപാടിയുടെ ഭാഗമായുള്ള വികസനക്കൂട്ടായ്മകളുടെ സംസ്ഥാനതല ഉദ്ഘാടനം 20 ന് എറണാകുളം കല്ലൂര്‍ക്കാട് പഞ്ചായത്തില്‍ നടക്കും. പാര്‍ട്ടിചെയര്‍മാന്‍ കെ.എം.മാണി ഉദ്ഘാടനം ചെയ്യും. വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് അധ്യക്ഷത വഹിക്കും.

Monday, December 6, 2010

കേരളാ കോണ്‍ഗ്രസ്‌ വികസന മാസ്‌റ്റര്‍പ്ലാന്‍ പ്രഖ്യാപിക്കും: കെ.എം. മാണി

കോട്ടയം: സമൃദ്ധകേരളം, സംതൃപ്‌ത കേരളമെന്ന ലക്ഷ്യത്തോടെ കേരളത്തിന്റെ വികസന നിര്‍ദേശങ്ങളടങ്ങിയ മാസ്‌റ്റര്‍പ്ലാനടങ്ങുന്ന കേരളാ കോണ്‍ഗ്രസ്‌ (എം) മാനിഫെസ്‌റ്റോ, പഞ്ചായത്തുതല വികസന കൂട്ടായ്‌മകള്‍ക്കുശേഷം പ്രഖ്യാപിക്കുമെന്നു പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി.

കേരളാ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ സുപ്രധാനമായ നാഴികക്കല്ലായിരിക്കും സംസ്‌ഥാന വികസന രേഖയായി പാര്‍ട്ടി പുറത്തിറക്കുന്ന മാനിഫെസ്‌റ്റോയെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോ ണ്‍ഗ്രസ്‌ (എം) ജില്ലാ നേതൃത്വ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി ജില്ലാ പ്രസിഡന്റ്‌ ഇ.ജെ. ആഗസ്‌തി അധ്യക്ഷതവഹിച്ചു.

ജോസ്‌ കെ. മാണി എം.പി, പി.സി. ജോര്‍ജ്‌ എം.എല്‍.എ, ജോയി ഏബ്രഹാം, മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ, തോമസ്‌ ചാഴികാടന്‍ എം.എല്‍.എ, എന്‍. ജയരാജ്‌ എം.എല്‍.എ, ഫ്രാന്‍സിസ്‌ ജോര്‍ജ്‌, വക്കച്ചന്‍ മറ്റത്തില്‍, സ്‌റ്റീഫന്‍ ജോര്‍ജ്‌, ടി.വി. ഏബ്രഹാം, ഏലിയാസ്‌ സഖറിയാ, ബേബി ഉഴുത്തുവാല്‍, എം.എസ്‌. ജോസ്‌, വിജി എം. തോമസ്‌, സണ്ണി തെക്കേടം, മാലേത്തു പ്രതാപചന്ദ്രന്‍, വി.ഡി. വത്സപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Friday, November 26, 2010

കേരളവികസനത്തിന് പുതിയ പദ്ധതിയുമായി കേരള കോണ്‍ഗ്രസ് (എം)

കേരളവികസനത്തിന് പുതിയ പദ്ധതിയുമായി കേരള കോണ്‍ഗ്രസ് (എം)
ആലുവ: കേരളത്തിന്റെ സമഗ്രവികസനത്തിനായി 'സമൃദ്ധകേരളം സംതൃപ്ത കേരളം' വികസന അജണ്ടയുമായി കേരള കോണ്‍ഗ്രസ്(എം) രംഗത്തു വന്നു. ആലുവയില്‍ നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കെ.എം.മാണി പദ്ധതി പ്രഖ്യാപിച്ചു.

500 പഞ്ചായത്തുകളില്‍ പാര്‍ട്ടിനേതാക്കളെയും ജനപ്രതിനിധികളേയും വികസന തല്‍പ്പരരായ ജനങ്ങളെയും ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

മാലിന്യനിര്‍മാര്‍ജനം, ജൈവകൃഷി, ജലസുരക്ഷ, ഭക്ഷ്യകര്‍ഷകസുരക്ഷ, വിനോദസഞ്ചാരം, നീതിനിഷ്ഠവികസനവും, ദുര്‍ബലവിഭാഗങ്ങളുടെ മുന്നേറ്റവും ആരോഗ്യസുരക്ഷ, അടിസ്ഥാനസൗകര്യവികസനം, യുവജനക്ഷേമം എന്നീ മേഖലകളില്‍ കേന്ദ്രീകരിക്കുന്നതാണ് പദ്ധതി. ഇതിനായി വികസനകൂട്ടായ്മകളിലൂടെയും കൂട്ടായ ചര്‍ച്ചകളിലൂടെയും ഉയരുന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചാണ് പദ്ധതി തയ്യാറാക്കുക. പദ്ധതി കേരളകോണ്‍ഗ്രസ്സിന്റെ മാനിഫെസ്റ്റോയുടെ മുഖമുദ്രയുമായിരിക്കുമെന്ന് കെ.എം. മാണി പറഞ്ഞു. 'സമൃദ്ധകേരളം സംതൃപ്തകേരളം' പദ്ധതി യുഡിഎഫിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കേരളയാത്രയ്ക്ക് സഹായകരമായ വേദിയൊരുക്കലാകുമെന്നും കെ.എം. മാണി അവകാശപ്പെട്ടു.

മുന്‍ഗണനാക്രമത്തില്‍ വികസനാവശ്യങ്ങളെ വിലയിരുത്തി സംസ്ഥാനത്തിന് വികസന അജണ്ട തയ്യാറാക്കി 14 ജില്ലകളിലും വികസന ക്യാമ്പുകള്‍ സംഘടിപ്പിച്ചുകൊണ്ടായിരിക്കും പദ്ധതിക്ക് തുടക്കമിടുക.

സെക്രട്ടേറിയറ്റ് യോഗത്തില്‍ പി.ജെ. ജോസഫ്, പി.സി. ജോര്‍ജ്, സി.എഫ്. തോമസ്, ജോസ് കെ. മാണി എംപി, തോമസ് ചാഴിക്കാടന്‍, തോമസ് ഉണ്ണിയാടന്‍, ടി.യു. കുരുവിള, മോന്‍സ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.