ഇത് കേരള കോണ്‍ഗ്രസിന്റെ ഒരു പറ്റം അനുയായികള്‍ നയിക്കുന്ന ഒരു ബ്ലോഗ്‌ ആണ് ...ഇതില്‍ സത്യം മാത്രമേ പറയൂ ...

നമ്മുടെ ചിഹ്നം

Tuesday, August 31, 2010

കര്‍ഷകര്‍ക്ക് കിട്ടേണ്ട പണം അപഹരിക്കാന്‍ അനുവദിക്കില്ല -കെ.എം. മാണി

കര്‍ഷകര്‍ക്ക് കിട്ടേണ്ട പണം അപഹരിക്കാന്‍ അനുവദിക്കില്ല -കെ.എം. മാണി

കോട്ടയം: സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതിച്ചുങ്കം കുറച്ചും ഒരു ലക്ഷം ടണ്‍ ഇറക്കുമതിചെയ്തും കേരളത്തിലെ കര്‍ഷകര്‍ക്ക് കിട്ടുമായിരുന്ന വരുമാനം ഇല്ലാതാക്കിയ കേന്ദ്രനടപടി അംഗീകരിക്കാനാവില്ലെന്ന് കേരള കേണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ.എം.മാണി എം.എല്‍.എ. പറഞ്ഞു. കര്‍ഷകര്‍ക്ക് കിട്ടേണ്ട പണം അപഹരിക്കാന്‍ റബ്ബര്‍കച്ചവടക്കാരെ അനുവദിക്കില്ല. ഇതില്‍ ഒരു രാഷ്ട്രീയവുമില്ല. കേന്ദ്രം നടപടി തിരുത്തണം. പ്രധാനമന്ത്രി, യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധി, എ.കെ. ആന്റണി, വയലാര്‍ രവി, ഉമ്മന്‍ചാണ്ടി, രമേശ്‌ചെന്നിത്തല എന്നിവരെല്ലാം ഇക്കാര്യത്തില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

റബ്ബറിന്റെ ഇറക്കുമതിച്ചുങ്കം 20 ശതമാനമായി പുനഃസ്ഥാപിക്കുക, ഇറക്കുമതി ചെയ്യാനുള്ള തീരുമാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കോണ്‍ഗ്രസ്സി(എം)ന്റെ നേതൃത്വത്തില്‍ കോട്ടയം, തിരുനക്കര മൈതാനത്ത് നടന്ന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'ഇറക്കുമതിച്ചുങ്കം കുറയ്ക്കാനുള്ള കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ തീരുമാനം കേരളത്തിന്റെ കാര്‍ഷിക, സാമ്പത്തികാവസ്ഥയെ ദോഷകരമായി ബാധിക്കും. അതിനാലാണ് ഞങ്ങള്‍ സമരത്തിന് ഇറങ്ങുന്നത്. ഈ സമരം യു.പി.എ. സര്‍ക്കാരിനോ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കോ എതിരായുള്ളതല്ല. ഏത് സര്‍ക്കാരിനും തെറ്റുപറ്റാം. അത് മനസ്സിലാക്കി തിരുത്തുകയാണ് വേണ്ടത്. തിരുത്തിക്കാന്‍വേണ്ടി എല്ലാ ജനങ്ങളും കര്‍ഷകരും പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കണം. ചുങ്കം 20 ശതമാനമായി പുനഃസ്ഥാപിക്കുകതന്നെ വേണം. വര്‍ദ്ധിച്ചുവരുന്ന ഉല്‍പ്പാദനച്ചെലവ് തട്ടിക്കിഴിച്ച് ഇപ്പോഴാണ് ചെറിയൊരു ലാഭം റബ്ബര്‍ക്കര്‍ഷകര്‍ക്ക് കിട്ടിത്തുടങ്ങിയത്. അത് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതനുവദിക്കരുത്' -മാണി പറഞ്ഞു.

പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ്, ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്.തോമസ്,വൈസ് ചെയര്‍മാന്‍ പി.സി. ജോര്‍ജ്ജ്, , ജോസ് കെ. മാണി എം.പി., എം.എല്‍.എ.മാരായ ടി.യു. കുരുവിള, തോമസ് ചാഴികാടന്‍, മോന്‍സ് ജോസഫ്, ജോസഫ് എം. പുതുശ്ശേരി, തോമസ് ഉണ്ണിയാടന്‍, റോഷി അഗസ്റ്റിന്‍, പ്രൊഫ. എന്‍. ജയരാജ്, നേതാക്കളായ ജോയ് എബ്രഹാം, കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ്, ജോണ്‍ പുളിക്കപ്പറമ്പില്‍, പി.സി. ജോസഫ്, ടി.വി. എബ്രഹാം, സണ്ണി മണ്ണത്തൂക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments: