ഇത് കേരള കോണ്‍ഗ്രസിന്റെ ഒരു പറ്റം അനുയായികള്‍ നയിക്കുന്ന ഒരു ബ്ലോഗ്‌ ആണ് ...ഇതില്‍ സത്യം മാത്രമേ പറയൂ ...

നമ്മുടെ ചിഹ്നം

Thursday, November 3, 2011

പിറവത്ത് അനൂപിനെ സ്ഥാനാര്‍ഥിയാക്കാന്‍ ജേക്കബ് ഗ്രൂപ്പ്

തിരുവനന്തപുരം: ടി.എം. ജേക്കബിന്റെ വേര്‍പാടിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പുണ്ടാകുന്ന പിറവം മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ മകന്‍ അനൂപ് ജേക്കബിനെ മത്സരിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതൃയോഗം തീരുമാനിച്ചു. ഇക്കാര്യം യു.ഡി.എഫ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. അന്തിമ തീരുമാനം യു.ഡി.എഫിന്റെകൂടി അനുമതിയോടെ പിന്നീട് പ്രഖ്യാപിക്കും. ജേക്കബിന്റെ ആഗ്രഹവും കൂടി പരിഗണിച്ചാണ് ഈ തീരുമാനം. യു.ഡി.എഫിന് കളങ്കമുണ്ടാക്കുന്ന ഒരു തീരുമാനവും തങ്ങളില്‍ നിന്നുണ്ടാവില്ലെന്നും പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ അറിയിച്ചു. ഇതോടൊപ്പം പാര്‍ട്ടിയുടെ ചുമതല ജോണി നെല്ലൂര്‍ തന്നെ തുടര്‍ന്ന് വഹിക്കാനും യോഗത്തില്‍ തീരുമാനമായി.

ജേക്കബിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന മന്ത്രിസ്ഥാനം പാര്‍ട്ടിക്ക് അവകാശപ്പെട്ടതാണെന്നും അത് തങ്ങള്‍ക്ക് നല്‍കണമെന്നും യു.ഡി.എഫ് നേതാക്കളുമായുള്ള ചര്‍ച്ചയില്‍ ജേക്കബ് വിഭാഗം ആവശ്യപ്പെട്ടു. ഉപതിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ മന്ത്രിയാക്കണമെന്നാണ് ആഗ്രഹം. യു.ഡി.എഫ് ആലോചിച്ച് അക്കാര്യത്തില്‍ ഉചിതമായ ഒരു തീരുമാനം കൈക്കൊള്ളണം. എന്നാല്‍ ഇക്കാര്യത്തില്‍ പിടിവാശിയൊന്നുമില്ലെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി. പിന്നീട് യു.ഡി.എഫ് നേതാക്കളെ കണ്ട് അദ്ദേഹം ഇക്കാര്യം അറിയിക്കുകയും ചെയ്തു.

രാവിലെ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയെ കണ്ട് ചര്‍ച്ച നടത്തിയശേഷം ഉച്ചയ്ക്ക് 12നാണ് ജേക്കബ് വിഭാഗത്തിന്റെ നേതൃയോഗം തുടങ്ങിയത്. ഏകദേശം ഒന്നേമുക്കാല്‍ മണിക്കൂറോളം നീണ്ടു നിന്ന യോഗത്തില്‍ ഏകകണ്ഠമായാണ് അനൂപ് ജേക്കബിന്റെ പേര് അംഗീകരിച്ചത്. പ്രതിസന്ധി ഒഴിവാക്കാന്‍ താന്‍ മത്സരിക്കാനും മന്ത്രിയാകാനുമില്ലെന്ന് രാവിലെ തന്നെ ജോണി നെല്ലൂര്‍ വ്യക്തമാക്കി. ഇതോടെ ജേക്കബിന്റെ പിന്‍ഗാമിയെ സംബന്ധിച്ചുണ്ടായിരുന്ന സംശയങ്ങള്‍ക്കും അവസാനമായി.

പിറവത്ത് ജയിക്കുക, യു.ഡി.എഫിനെ ശക്തിപ്പെടുത്തുക, ഭരണം ശക്തമായി മുന്നോട്ടു കൊണ്ടുപോകുക എന്നതാണ് പാര്‍ട്ടിയുടെ പ്രധാനലക്ഷ്യം. ജേക്കബിനാണ് അവിടെ അഞ്ച് വര്‍ഷത്തേക്ക് ജനവിധി ലഭിച്ചത്. എന്നാല്‍ അദ്ദേഹത്തിന് അത് പൂര്‍ത്തിയാക്കാനായില്ല. ആ സാഹചര്യത്തില്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നവരുടെ ആദരവ് നേടുന്ന സ്ഥാനാര്‍ത്ഥിയെയാണ് തീരുമാനിച്ചത്. തങ്ങളുടെ നേതാവ് മരിച്ച് അടക്കം കഴിയുന്നതിനുമുമ്പ് ക്രൂരമായ ചില വാക്കുകള്‍ പ്രചരിപ്പിച്ചു. അത് തന്നെ വല്ലാതെ വേദനിപ്പിച്ചു. കഴിഞ്ഞ 44 വര്‍ഷമായി ജേക്കബുമായി ബന്ധമുണ്ട്. കഴിഞ്ഞ ബുധനാഴ്ച അദ്ദേഹത്തോട് 20 മിനിറ്റില്‍ കൂടുതല്‍ സംസാരിച്ചപ്പോള്‍ ആ മനസിലെ ആഗ്രഹങ്ങള്‍ തന്നോടു പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലല്ലാതെ പ്രവര്‍ത്തിക്കാന്‍ ആകില്ല. എം.എല്‍.എ, മന്ത്രിസ്ഥാനം എന്നിവയെക്കാള്‍ വലുതാണ് തനിക്ക് പാര്‍ട്ടി നേതൃസ്ഥാനം. അതുകൊണ്ടാണ് മത്സരിക്കാന്‍ താനില്ലെന്ന് ജോണി നെല്ലൂര്‍ പറഞ്ഞത്.

No comments: