ഇത് കേരള കോണ്‍ഗ്രസിന്റെ ഒരു പറ്റം അനുയായികള്‍ നയിക്കുന്ന ഒരു ബ്ലോഗ്‌ ആണ് ...ഇതില്‍ സത്യം മാത്രമേ പറയൂ ...

നമ്മുടെ ചിഹ്നം

Friday, May 28, 2010

ലയനത്തെക്കുറിച്ച് നേതാക്കള്‍

ലയനത്തെക്കുറിച്ച് ഇരു നേതാക്കളും പ്രതികരിക്കുന്നു

പിണറായി 'വര്‍ഗീയ കാര്‍ഡ്' കളിക്കുന്നു - കെ.എം.മാണി


കോട്ടയം: കേരള കോണ്‍ഗ്രസ് ലയനത്തിന് പിന്നില്‍ ചില മതമേലധ്യക്ഷന്മാരാണെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ 'കണ്ടുപിടിത്തം' വര്‍ഗീയ കാര്‍ഡ് ഇറക്കിവിടാനുള്ള വിഫലശ്രമം മാത്രമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ലീഡര്‍ കെ.എം.മാണി. ''ആ പരിപ്പ് ഇവിടെ വേവുകയില്ല. അതിനുള്ള കലമങ്ങ് മാറ്റിവച്ചാല്‍ മതി. കേരള കോണ്‍ഗ്രസ് സെക്കുലര്‍ പാര്‍ട്ടിയാണ്. ജനാധിപത്യ വിശ്വാസികള്‍ക്ക് അതില്‍ തെല്ലും സംശയമില്ല'' - വ്യാഴാഴ്ച കോട്ടയത്ത് നടക്കുന്ന ലയനസമ്മേളനത്തിന് മുന്നോടിയായി 'മാതൃഭൂമി'ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ കെ.എം.മാണി പറഞ്ഞു. ഇല്ലാത്ത ഒരു കഥ കെട്ടിച്ചമയ്ക്കാനാണ് പിണറായിയുടെ ശ്രമം.

ലയനനീക്കത്തില്‍ ബിഷപ്പുമാരുടെ മധ്യസ്ഥത ഉണ്ടായിട്ടില്ല. അതിന്റെ ആവശ്യവും ഇല്ല. ഇത് ഞങ്ങളുടെ സ്വന്തം തീരുമാനമാണ്. അങ്ങനെ തീരുമാനമെടുക്കാനുള്ള കഴിവ് ഞങ്ങള്‍ക്കുണ്ട് - മാണി തുടര്‍ന്നു. 'പിണറായി വിജയന്‍ ആ കാര്യം മനസ്സിലാക്കണം. പുരോഹിതരും ബിഷപ്പുമാരും ഇവിടത്തെ പൗരന്മാര്‍തന്നെയാണ്. അവര്‍ക്ക് എല്ലാ പൗരാവകാശങ്ങളുമുണ്ട്. കേരള കോണ്‍ഗ്രസ് ഭിന്നിച്ചുപോകരുതെന്നും യോജിച്ച് പോകണമെന്നും അവരില്‍ ആരെങ്കിലുമോ, ഏതെങ്കിലും സമുദായ നേതാക്കളോ ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് പറയാന്‍ പിണറായിക്ക് എന്താണവകാശം' - മാണി ചോദിച്ചു.സി.പി.എമ്മിന്റെ സൈദ്ധാന്തിക അടിത്തറയ്ക്കും ജനകീയ അടിത്തറയ്ക്കും കോട്ടംപറ്റിയിരിക്കുന്നു. അതിലുള്ള വേവലാതിയാണ് പിണറായി വിജയനില്‍ കാണുന്നതെന്നും കെ.എം.മാണി പറഞ്ഞു.

അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

? പിണറായി വിജയനും മറ്റ് സി.പി.എം. നേതാക്കളും ഈ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണല്ലോ?
മതവികാരം ഇളക്കിവിട്ടതിന്റെ പേരില്‍ തിരഞ്ഞെടുപ്പ് അഴിമതിക്കേസില്‍ സുപ്രിംകോടതി തെറ്റുകാരനെന്ന് കണ്ടെത്തുകയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതിന്റെ പേരില്‍ മൂന്നുവര്‍ഷത്തെ അയോഗ്യത കല്പിക്കുകയും ചെയ്ത പി.സി.തോമസിനെ സംരക്ഷിക്കുന്നത് പിണറായിയല്ലേ? തോമസിന്റെ പാര്‍ട്ടിയെ ഘടകകക്ഷിയാക്കാനാണ് അവരുടെ തീരുമാനം. ഇടതുപക്ഷത്തിന്റെ ആദര്‍ശത്തിന്റെ പൊയ്മുഖം അഴിഞ്ഞുവീണുകഴിഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മഅദനിയെ കൂട്ടുപിടിച്ചതും ആരും മറന്നിട്ടില്ല. സി.പി.എമ്മിന്റെ മതേതര സ്വഭാവം നഷ്ടപ്പെട്ടിരിക്കുകയാണ്.

?കോണ്‍ഗ്രസ്സുമായുള്ള അഭിപ്രായഭിന്നത തുടരുന്നത് ഇടതുമുന്നണിക്ക് സഹായകമാകില്ലേ?
പി.ജെ.ജോസഫിന്റെ പാര്‍ട്ടികൂടി പ്രവര്‍ത്തകരോടൊപ്പം ഇടതുമുന്നണി വിട്ടപ്പോള്‍ അവരുടെ ജനകീയ അടിത്തറ ശോഷിച്ചു. അഞ്ച് ശതമാനത്തോളം ജനകീയ വോട്ട് പലപ്പോഴായി ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടു. അത് മുതലാക്കേണ്ടത് യുഡിഎഫാണ്.

? മെയ് 27ന് കോട്ടയത്ത് ലയനസമ്മേളനമാണ്. തുടര്‍ന്ന് മെയ് 30-നാണ് യുഡിഎഫില്‍ ഇക്കാര്യം ചര്‍ച്ചയ്ക്ക് വരുന്നത്. ഇനി എന്താണ് ചര്‍ച്ച ചെയ്യാനുള്ളത്?

യുഡിഎഫിന് വിഷയദാരിദ്ര്യമില്ല. കേരള കോണ്‍ഗ്രസ് ലയനം സംസ്ഥാനത്തിന്റെ വിഷയമാകുന്നില്ല. എത്രയോ വലിയ വിഷയങ്ങള്‍ കിടക്കുന്നു. എന്നാല്‍, ഒരു കാര്യം പറയാം. യുഡിഎഫ് എല്ലാവരുടേതുമാണ്. അതില്‍ എന്തൊക്കെ ചര്‍ച്ചയ്ക്ക് വരും എങ്ങനെ ചര്‍ച്ച ചെയ്തു എന്നൊക്കെ കാലേകൂട്ടി ആലോചിക്കേണ്ടതില്ല. മുന്‍വിധിയില്ലാതെയാണ് ഞങ്ങള്‍ പോകുന്നത്.

?കോണ്‍ഗ്രസ്സുമായുള്ള ചര്‍ച്ചയില്‍ പുരോഗതിയുണ്ടായില്ല. ''വിയോജിക്കാന്‍ യോജിച്ചാണ''ല്ലോ പിരിഞ്ഞത്. ഇപ്പോള്‍ വെടിനിര്‍ത്തലാണോ?
വെടിനിര്‍ത്തലിന് ഞങ്ങള്‍ തമ്മില്‍ യുദ്ധമൊന്നുമില്ലല്ലോ.

?കെ.എം.മാണി ബി.ജെ.പി.യുമായി രഹസ്യധാരണയ്ക്ക് ശ്രമിക്കുന്നു, മൂന്നാം മുന്നണിക്കാണ് നീക്കം, തുടങ്ങിയ ചില വാര്‍ത്തകള്‍ വരുന്നുണ്ട്.
ഞാനും ചിലതൊക്കെ വായിച്ചു. അടിസ്ഥാനമില്ലാത്തതിനൊക്കെ മറുപടിയും വിശദീകരണവുമായി നടക്കേണ്ട കാര്യമില്ല. അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലല്ലോ.

?കേരള കോണ്‍ഗ്രസ് ഒറ്റയ്ക്കുനിന്ന് ശക്തി തെളിയിച്ച പാരമ്പര്യത്തെപ്പറ്റി കഴിഞ്ഞ ദിവസവും പറഞ്ഞു. അത്തരമൊരു പരീക്ഷണത്തിന് ഇനിയും സാധ്യതയുണ്ടോ?
ഞാനൊരു ചരിത്രാപഗ്രഥനം നടത്തിയെന്നേയുള്ളൂ. അല്ലാതെ അതൊരു നയപ്രഖ്യാപനമൊന്നുമല്ല.

?ഐക്യകേരള കോണ്‍ഗ്രസ് എന്ന സ്വപ്നം എത്ര അടുത്താണിപ്പോള്‍
90 ശതമാനം കേരള കോണ്‍ഗ്രസ്സുകാര്‍ ഇപ്പോള്‍ ഒരു കൊടിക്കീഴിലായി. എങ്കിലും കേരള കോണ്‍ഗ്രസ് എന്ന പേരുപറഞ്ഞ് ചിലരൊക്കെ പുറത്തുകാണും.

?ആര്‍.ബാലകൃഷ്ണപിള്ളയും ടി.എം.ജേക്കബും എതിര്‍പക്ഷത്ത് തന്നെയാണല്ലോ?

ഐക്യകേരള കോണ്‍ഗ്രസ്സിന്റെ യോഗം കോട്ടയത്ത് മാമ്മന്‍ മാപ്പിള ഹാളില്‍ നടന്നത് ബാലകൃഷ്ണപിള്ളയുടെ അധ്യക്ഷതയിലായിരുന്നു. പി.ജെ.ജോസഫ് മന്ത്രിസഭ വിട്ട് ഈ കൂട്ടായ്മയില്‍ പങ്കുചേരണമെന്നാണ് അന്ന് പിള്ള പ്രസംഗിച്ചത്. ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത് ടി.എം.ജേക്കബായിരുന്നു. അതിന്റെ അന്തസ്സത്തയ്ക്കനുസരിച്ച് പി.ജെ.ജോസഫ് ഇറങ്ങിവന്നപ്പോള്‍ അതിനെ എതിര്‍ക്കുന്നത് രാഷ്ട്രീയ ധാര്‍മികതയുടെ പ്രശ്‌നമാണ്. പി.സി.ജോര്‍ജ് ആദ്യം വന്നതാണ് അവരെ പ്രകോപിപ്പിച്ചതെന്ന് തോന്നുന്നു. പിള്ളയും ജേക്കബും ഇപ്പോള്‍ പറയുന്നതിനൊന്നും മറുപടി പറയേണ്ട കാര്യമില്ല.

No comments: