ഇത് കേരള കോണ്‍ഗ്രസിന്റെ ഒരു പറ്റം അനുയായികള്‍ നയിക്കുന്ന ഒരു ബ്ലോഗ്‌ ആണ് ...ഇതില്‍ സത്യം മാത്രമേ പറയൂ ...

നമ്മുടെ ചിഹ്നം

Friday, May 28, 2010

മാണിയും ജോസഫും ഒന്നായി

കോട്ടയം: അണപൊട്ടിയ ആവേശത്തിനും കാതടപ്പിക്കുന്ന മുദ്രാവാക്യഘോഷത്തിനുമിടയില്‍ മാണി-ജോസഫ് കേരള കോണ്‍ഗ്രസ്സുകളുടെ ലയനസമ്മേളനം രാഷ്ട്രീയചരിത്രത്തില്‍ മറ്റൊരേടായി. ഏറ്റവും ശക്തിയുള്ള സംസ്ഥാന പാര്‍ട്ടിയാവുകയെന്ന ലക്ഷ്യം, ലയനസമ്മേളനം വിളംബരംചെയ്തു.

'ആര്‍ക്കും എതിരായല്ല; കേരളത്തിന്റെ സമഗ്ര വികസനത്തിനുവേണ്ടിയാണ് ഈ ഐക്യം'-നേതാക്കള്‍ ആവര്‍ത്തിച്ചു പറഞ്ഞു.

കഴിഞ്ഞ 24-ാം തീയതി ഇരു കേരള കോണ്‍ഗ്രസ്സുകളും ലയിച്ച് ഐക്യ കേരള കോണ്‍ഗ്രസ് നിലവില്‍വന്നെങ്കിലും വ്യാഴാഴ്ച വൈകീട്ട് കോട്ടയം തിരുനക്കര മൈതാനത്ത് ചേര്‍ന്ന ലയനസമ്മേളനത്തോടെയായിരുന്നു നടപടികള്‍ പൂര്‍ത്തിയായത്.

ഉച്ചമുതല്‍ തന്നെ തിരുനക്കര മൈതാനത്തേക്ക് സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും പ്രവര്‍ത്തകരുടെ വരവ് തുടങ്ങി. നഗരമാകെ ചുവപ്പും വെള്ളയും കലര്‍ന്ന പാര്‍ട്ടികൊടികള്‍ നിറഞ്ഞിരുന്നു. മൂന്നുമണിയോടെ മൈതാനം നിറഞ്ഞു. ഗാനമേളയോടെയായിരുന്നു തുടക്കം. നാലുമണിയോടെ പാര്‍ട്ടി ജില്ലാ പ്രസിഡന്റുമാരും സംസ്ഥാന ഭാരവാഹികളുമെല്ലാം വേദിയിലെത്തി.

ആള്‍ക്കൂട്ടത്തിന്റെ ആവേശം ഉച്ചസ്ഥായിയിലെത്തിച്ച് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണിയും വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫും എത്തി. ഇരു നേതാക്കളെയും വലിയ ഒറ്റഹാരത്തിനുള്ളിലാക്കി പ്രവര്‍ത്തകരുടെ സ്വീകരണം.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയി എബ്രഹാമിന്റെ സ്വാഗതപ്രസംഗത്തില്‍ ഐക്യകേരള കോണ്‍ഗ്രസ് രൂപപ്പെടാനുള്ള കാരണം വ്യക്തമാക്കി. തുടര്‍ന്ന് ചെയര്‍മാന്‍ കെ.എം.മാണി എം.എല്‍.എ.യുടെ ഉദ്ഘാടന പ്രസംഗം.

'ഒന്നായ നിന്നെയിഹ രണ്ടെന്ന്
കണ്ടളവില്‍ ഉണ്ടായൊരിണ്ടല്‍...'

ആ ഇണ്ടല്‍-ദുഃഖം-ഇല്ലാതാവുകയാണ് രണ്ട് കേരള കോണ്‍ഗ്രസ്സുകളുടെയും ഒന്നാകലിലൂടെയെന്ന് അദ്ദേഹം പറഞ്ഞു. അതില്‍ ആര്‍ക്കാണ് ആശങ്ക? ആര്‍ക്കാണ് അസഹിഷ്ണുത? ഐക്യത്തെ വളര്‍ത്തുകയല്ലേ വേണ്ടത്, തളര്‍ത്താമോ?-മാണി ചോദിച്ചു. പാടില്ലെന്ന് ജനത്തിന്റെ മറുപടി.

ലയനത്തെക്കുറിച്ചുള്ള പിണറായി വിജയന്റെ പരാമര്‍ശത്തെ പരിഹാസത്തോടെയാണ് അദ്ദേഹം നേരിട്ടത്. പി.സി.തോമസിന്റെ നിലപാടിനേയും ശക്തിയായി വിമര്‍ശിച്ചു. ജനത്തിന്റെ ആവേശം കൂടി.

പിന്നാക്കക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കാതെതന്നെ, മുന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഭരണഘടനാ ഭേദഗതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്താകെ സംസ്ഥാന പാര്‍ട്ടികള്‍ ശക്തിയാര്‍ജ്ജിക്കുന്ന കാര്യം പി.ജെ. ജോസഫ് സൂചിപ്പിച്ചു. കേരള കോണ്‍ഗ്രസ്സുകളുടെ ഐക്യം പരമപ്രധാനമായതുകൊണ്ടാണ് തങ്ങള്‍ ഇടതുമുന്നണി വിട്ടുവന്നത്. ഭിന്നവിഭാഗങ്ങളിലായി നിന്നപ്പോള്‍ ഉണ്ടായ നഷ്ടത്തെക്കുറിച്ച് അറിയണം. ഒന്നിച്ച് മുന്നേറുമ്പോഴുണ്ടാകുന്ന ഫലപ്രാപ്തിയെക്കുറിച്ചും'-അദ്ദേഹം പറഞ്ഞു.

1 comment:

Unknown said...

കോട്ടയം: പദവിയുടെയും അന്തസ്സിന്റെയും കാര്യത്തില്‍ യു.ഡി.എഫില്‍ എല്ലാ കക്ഷികളും തുല്യരാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. മാണി . കോട്ടയത്ത്‌കേരള കോണ്‍ഗ്രസ് ഐക്യസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്‍.ഡി.എഫില്‍ പിണറായിക്ക് എതിര്‍വായില്ല. എന്നാല്‍ യു.ഡി.എഫില്‍ അങ്ങനെയല്ല. കോണ്‍ഗ്രസ്സിനാണ് നേതൃത്വമെങ്കിലും തുല്യാവകാശമാണ് മുന്നണിനയം. യു.ഡി.എഫ് ആരുടെയും കുത്തകയല്ല. അഭിപ്രായവ്യത്യാസങ്ങളുണ്ടാകാമെങ്കിലും യു.ഡി.എഫിനെ ശക്തിപ്പെടുത്താന്‍ കേരള കോണ്‍ഗ്രസ് ഒന്നിച്ചുനില്‍ക്കണമെന്നും കെ.എം. മാണി പറഞ്ഞു.

ജനതാദളും കേരള കോണ്‍ഗ്രസ്സും വിട്ടുപോയതോടെ എല്‍.ഡി.എഫിന്റെ അക്കൗണ്ടിലുണ്ടായിരുന്ന നിയോജകമണ്ഡലങ്ങള്‍ ഇന്ന് യു.ഡി.എഫിനൊപ്പമാണ്. 4 ശതമാനത്തോളം വോട്ടുകള്‍ അവര്‍ക്ക് നഷ്ടമായി. ഇതാണ് എല്‍.ഡി.എഫിനെ വേദനിപ്പിക്കുന്നത്. വോട്ടിങ് ശതമാനത്തിന്റെ കണക്കെടുത്താല്‍ കേരളം ഭരിക്കുന്നത് ന്യൂനപക്ഷ സര്‍ക്കാരാണ്. അതുകൊണ്ട് സര്‍ക്കാര്‍ രാജിവയ്ക്കണം - മാണി പറഞ്ഞു.ഇന്ത്യയിലെങ്ങും പ്രാദേശിക പാര്‍ട്ടികള്‍ ശക്തിപ്രാപിക്കുകയാണെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് പറഞ്ഞു. കേരളത്തില്‍ വളരാന്‍ സാധ്യതയുള്ള പ്രാദേശിക പാര്‍ട്ടി കേരള കോണ്‍ഗ്രസ്സാണ് - അദ്ദേഹം പറഞ്ഞു.

പാലക്കാട്ടെ കസ്റ്റഡിമരണക്കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ വിമര്‍ശിച്ച ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ രാജിവയ്ക്കണമെന്ന് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ പി.സി. ജോര്‍ജ് പറഞ്ഞു.

ജോസ് കെ. മാണി എം.പി, എം.എല്‍.എ.മാരായ തോമസ് ചാഴികാടന്‍, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, ജോസഫ് എം. പുതുശ്ശേരി, തോമസ് ഉണ്ണിയാടന്‍, പ്രൊഫ. എന്‍. ജയരാജ്, മുന്‍ മന്ത്രി ടി.യു. കുരുവിള, വക്കച്ചന്‍ മറ്റത്തില്‍, ഈപ്പന്‍ വര്‍ഗീസ്, ഡോ.കെ.സി. ജോസഫ്, ജോയി ഏബ്രഹാം, ഫ്രാന്‍സിസ് ജോര്‍ജ്, വി.ടി. സെബാസ്റ്റ്യന്‍, ടി.എസ്. ജോണ്‍, ടി.വി. എബ്രഹാം, പി.സി. ജോസഫ്, തോമസ് ജോസഫ്, ആന്റണി രാജു, ഇ.ജെ. ലൂക്കോസ് തുടങ്ങിയവരും പ്രസംഗിച്ചു.