ഇത് കേരള കോണ്‍ഗ്രസിന്റെ ഒരു പറ്റം അനുയായികള്‍ നയിക്കുന്ന ഒരു ബ്ലോഗ്‌ ആണ് ...ഇതില്‍ സത്യം മാത്രമേ പറയൂ ...

നമ്മുടെ ചിഹ്നം

Tuesday, June 1, 2010

ലയനവിരുദ്ധ വാദങ്ങള്‍ക്കും വിശ്വാസ്യത വേണം - മാണി

ലയനവിരുദ്ധ വാദങ്ങള്‍ക്കും വിശ്വാസ്യത വേണം - മാണി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്സുകളുടെ ലയനത്തെ എതിര്‍ക്കുന്ന വാദങ്ങള്‍ക്കും വിശ്വാസ്യത വേണമെന്ന് കെ.എം.മാണി. രാഷ്ട്രീയ തീരുമാനങ്ങള്‍ക്ക് വിശ്വാസ്യത വേണമെന്ന പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലയനത്തെ എതിര്‍ക്കുന്നത് കോണ്‍ഗ്രസ്സിന്റ അടിസ്ഥാന സമീപനംമൂലമാണെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയ്ക്കും അദ്ദേഹം മറുപടി നല്‍കി. കേരള കോണ്‍ഗ്രസ്സുകളുടെ ഐക്യം തങ്ങളുടെയും അടിസ്ഥാന സമീപനമാണ്. കേരള കോണ്‍ഗ്രസ്സുകളുടെ യോജിപ്പ് ഭൂരിപക്ഷവിഭാഗങ്ങളെ യു.ഡി.എഫിന് എതിരാക്കുമെന്ന ആശങ്കയില്‍ കാര്യമില്ല. ''ഇല്ലാത്ത കാര്യങ്ങള്‍ കുത്തിവയ്ക്കാതിരുന്നാല്‍ മതി''. കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ്സുകളുടെ ലയനത്തോട് ഇത്രയും എതിര്‍പ്പ് കോണ്‍ഗ്രസ്സില്‍നിന്ന് പ്രതീക്ഷിച്ചില്ല. എന്തിനാണ് ഇത്രയും എതിര്‍പ്പെന്ന് അറിയില്ല. ഇപ്പോഴത്തെ വിവാദങ്ങള്‍ യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിച്ചിട്ടില്ല. എന്നാല്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടായി. കോണ്‍ഗ്രസ്സുമായി നടക്കുന്ന ചര്‍ച്ചകളിലൂടെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കും. സീറ്റിന്റെ കാര്യത്തിലൊന്നും തര്‍ക്കമില്ല. തിരഞ്ഞെടുപ്പാകുമ്പോള്‍ അര്‍ഹമായ സീറ്റുകള്‍ ചോദിക്കും. അനര്‍ഹമായോ അന്യായമായോ ആവശ്യപ്പെടില്ല. മെറിറ്റ് നോക്കി ഇക്കാര്യങ്ങളില്‍ മുന്നണി തീരുമാനമെടുക്കും - മാണി പറഞ്ഞു.

ലയനത്തിനുള്ള രാഷ്ട്രീയകാരണം കേരള കോണ്‍ഗ്രസ് ഐക്യമാണ്. ലയനത്തോടെ പി.ജെ.ജോസഫ് മാത്രമല്ല മുന്നണി വിട്ടുവന്നത്. എല്‍.ഡി.എഫിന് ഓശാന പാടിയിരുന്ന വലിയൊരു വിഭാഗം ആ ചേരിവിട്ട് പുറത്തുവന്നു. വഴിതെറ്റിയ അവരെ മടക്കിക്കൊണ്ടുവരാനായതില്‍ അഭിമാനമുണ്ട്. കോണ്‍ഗ്രസ് വിട്ടുപോയവര്‍ മടങ്ങിവരണമെന്ന് കോണ്‍ഗ്രസ്സും ആഗ്രഹിക്കുന്നില്ലേ? - അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രി നിര്‍ഗുണ പരബ്രഹ്മമായി മാറിയിരിക്കയാണ്. മുഖ്യമന്ത്രിയെന്ന സ്ഥാനത്തിന്റെ മഹനീയത സി.പി.എം. കളഞ്ഞു. മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകാതെവന്നതോടെ ഭരണം സ്തംഭിച്ചു. സര്‍ക്കാര്‍ രാജിവെച്ച് ജനവിധി തേടാന്‍ വെല്ലുവിളിക്കുകയാണ്. പൊതുകടവും ആളോഹരി കടവും വര്‍ധിച്ചതല്ലാതെ വികസനരംഗത്ത് കടംവാങ്ങിയ പണമെത്തിയില്ല. വാര്‍ഷിക പദ്ധതി തുക തന്നെ 80 ശതമാനമേ ചെലവഴിക്കാനായുള്ളൂ. അതിന്റെ പകുതിയും മാര്‍ച്ചുമാസത്തില്‍ ധൃതിപിടിച്ച് ചെലവിടുകയായിരുന്നു - മാണി പറഞ്ഞു.

തന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ ആക്ഷേപത്തോട് മാണി പ്രതികരിച്ചത് ഇങ്ങനെയാണ് - ''എനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ട. 45 വര്‍ഷം എം.എല്‍.എ യും 20 വര്‍ഷം മന്ത്രിയുമായിരുന്ന എന്റെ മതേതരത്വം നാട്ടുകാര്‍ക്ക് മാറ്റുരച്ചുതന്നെ അറിയാം''.

No comments: