ഇത് കേരള കോണ്‍ഗ്രസിന്റെ ഒരു പറ്റം അനുയായികള്‍ നയിക്കുന്ന ഒരു ബ്ലോഗ്‌ ആണ് ...ഇതില്‍ സത്യം മാത്രമേ പറയൂ ...

നമ്മുടെ ചിഹ്നം

Tuesday, June 29, 2010

കൈനീട്ടിനില്‍ക്കുന്ന കേരളത്തില്‍ ബന്തുകൊണ്ട് എന്ത് കാര്യം?

വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങളുടേമേല്‍ വീണ്ടും രാഷ്ട്രീയ പാര്‍ട്ടികളുടെ ഹര്‍ത്താല്‍ പീഡനം. ഭാരത് ബന്ത് നടത്തുന്നതിന്റെ പേരില്‍ അവശ്യസാധനങ്ങളുടെ വിലയില്‍ നയാപൈസയുടെ കുറവുണ്ടാകില്ലെന്ന് വ്യക്തമായ തിരിച്ചറിവുള്ള പാര്‍ട്ടികളാണ് ജനത്തെ ദ്രോഹിക്കാന്‍ ഹര്‍ത്താല്‍ പ്രഖ്യാപനം നടത്തുന്നത്. ഉപ്പു മുതല്‍ കര്‍പ്പൂരം വരെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങി വയര്‍ നിറയ്ക്കുന്ന കേരളത്തില്‍ ബന്തിലൂടെ ഗതാഗതം നിശ്ചലമാക്കിയാല്‍ വില അല്‍പ്പം കൂടി വര്‍ധിക്കുമെന്നല്ലാതെ ഒരു നേട്ടവുമില്ല.

അരി മുതല്‍ പച്ചക്കറി വരെ ഉല്‍പാദിപ്പിച്ച് വിലക്കയറ്റം നേരിടാന്‍ പാര്‍ട്ടിയും ജനത്തെ ബോധവത്കരിക്കുന്നില്ല. വിവേക ബുദ്ധി നഷ്ടപ്പെട്ട അണികളെക്കൊണ്ട് ബന്ത് നടത്തിക്കുന്ന പാര്‍ട്ടികളുടെ ഒരു നേതാവു പോലും ശരീരം വിയര്‍ത്ത് ജോലി ചെയ്യുന്ന കര്‍ഷകരല്ലെന്ന് ജനം തിരിച്ചറിയേണ്ടിയിരിക്കുന്നു. സ്വന്തം പാര്‍ട്ടിയെ വിറ്റും അണികളെ വഞ്ചിച്ചും സമ്പന്നരായി വളരുന്ന നേതാക്കളാരും പാടത്തും പറമ്പിലും തൂമ്പയെടുത്ത്ു കിളയ്ക്കുന്നതായി ആരും കാണുന്നില്ല.

മൂന്നു പതിറ്റാണ്ടു മുന്‍പു വരെ കേരളത്തിനുവേണ്ട അരിയും പഴവും പച്ചക്കറിയും സംസ്ഥാനത്തു തന്നെ ഉത്പാദിപ്പിച്ചിരുന്നുവെന്നിരിക്കെ, തൊഴിലാളി ക്ഷാമവും കൂലിവര്‍ധനയുമാണ് കര്‍ഷകരെ കൃഷിയില്‍ നിന്നു പിന്‍തിരിച്ചതെന്ന് പാര്‍ട്ടികള്‍ അംഗീകരിക്കില്ല. രാഷ്ട്രീയ യൂണിയനുകള്‍ കര്‍ഷകരെ ക്ഷ വരപ്പിക്കാന്‍ തുടങ്ങിയതും യന്ത്രവത്കരണത്തിനെതിരെ കൈയേറ്റമുറ സ്വീകരിച്ചതുമാണ് കേരളത്തില്‍ നെല്‍കൃഷി അന്യം നില്‍ക്കാന്‍ പ്രധാന കാരണമായത്. തരിശുപാടങ്ങളില്‍ കൃഷിയിറക്കാന്‍ തൊഴിലാളിയൂണിയനുകള്‍ മുന്‍കൈയെടുക്കുമില്ല.

ഗള്‍ഫില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പെട്രോളിയത്തിന്റെ നികുതി വരുമാനമാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രധാന വരുമാനം. പെട്രോള്‍ വില വര്‍ധിച്ചാല്‍ ഗതാഗതച്ചെലവു കൂടി സാധനങ്ങളുടെ വില വര്‍ധിക്കുക സ്വാഭാവികം. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച വിലവര്‍ധന ജനങ്ങളോടു കാണിച്ച ക്രൂരതയാണെന്ന് ഏവര്‍ക്കും വ്യക്തമാണ്. കോണ്‍ഗ്രസ്, ബിജെപി, ജനതാദള്‍ ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളും ഓരോ കാലത്തും പെട്രോള്‍ വില വര്‍ധിപ്പിച്ചിട്ടുണ്ട്. രാജ്യം ഭരിക്കാന്‍ ഒരിക്കലും ജനപിന്തുണ ലഭിച്ചിട്ടില്ലാത്ത സിപിഎം പോലുള്ള ഇടതു സംഘടനകള്‍ ഇതിന്റെ പേരില്‍ നൂറിലേറെ ബന്തുകളും അതിലേറെ അക്രമ സമരങ്ങളും നടത്തിയിട്ടുമുണ്ട്.

കേരളത്തിലെ 3.2 കോടി ജനങ്ങള്‍ക്ക് ആളോഹരി ഭൂവിസ്തൃതി 25 സെന്റില്‍ താഴെയാണ്. നഗര സംഖ്യ 20 ലക്ഷത്തിനു മുകളിലാണ്. ഈ നിലയില്‍ ഭക്ഷ്യ സ്വയംപര്യാപ്തത സംസ്ഥാനത്തിന് അപ്രാപ്യമായി മാറിക്കൊണ്ടിരിക്കുന്നു.

റബര്‍ ഉള്‍പ്പെടെയുള്ള നാണ്യവിളകളുടെ സാമ്പത്തിക സാധ്യത മുന്‍നിറുത്തി ഭക്ഷ്യോത്പന്നങ്ങള്‍ കൃഷി ചെയ്യാന്‍ ഏറെപ്പേര്‍ താല്‍പര്യമില്ല. പുതിയ തലമുറ കൃഷിയില്‍ നിന്ന് വഴി മാറുന്നതിനാലും തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നതിനാലും നെല്ലും കപ്പയും തെങ്ങും വാഴയും വേണ്ടിടത്തോളം കൃഷി ചെയ്യാന്‍ സാധിക്കില്ല. വളം, കീടനാശിനി എന്നിവയുടെ വില വര്‍ധനവുകൂടി കണക്കാക്കിയാല്‍ കൃഷി ഏറെപ്പേര്‍ക്കും നഷ്ടമാണുതാനും.

സംസ്ഥാനത്ത് ആവശ്യമുള്ള പാലിന്റെ അഞ്ചിലൊന്ന് വീടുകളില്‍ ഉത്പാദിപ്പാന്‍ കേരളത്തിനാകുന്നില്ല. തമിഴ് നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് ലോറികള്‍ പണിമുടക്കിയാല്‍ അവശ്യ സാധനങ്ങളുടെ വരവ് നിലച്ചാല്‍ ആ ദിവസം കേരളം പട്ടിണിയിലാകുമെന്ന സ്ഥിതിയാണുള്ളത്. ആന്ധ്രയില്‍ നിന്ന് ഗുഡ്സ് ട്രെയിനുകളിലുള്ള അരി വരവ് കുറഞ്ഞതോടെ രണ്ടാഴ്ചക്കുള്ളില്‍ അരിയുടെ വില 10 ശതമാനം വര്‍ധിച്ചിരിക്കുന്നു.

വിലക്കയറ്റം തടയാനും ദാരിദ്യ്രം ഇല്ലാതാക്കാനും കേരളത്തിന് കേന്ദ്രം അനുവദിക്കുന്ന റേഷന്‍ അരി അഴിമതിയില്ലാതെ വിതരണം ചെയ്യാന്‍ പറ്റാത്ത സര്‍ക്കാരാണ് വിലക്കയറ്റത്തിനെതിരെ ജനങ്ങളെ ബന്തിക്കുന്നത്.

കേരളത്തിലെത്തുന്ന റേഷന്‍ അരി, പഞ്ചസാര, മണ്ണെണ്ണ എന്നിവയുടെ 40 ശതമാനവും കരിഞ്ചന്തയില്‍ മറിയുന്നത് സിവില്‍ സപ്ളൈസ് വകുപ്പ് ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളുടെ അറിവോടെയാണെന്ന് കാലങ്ങളായി ആക്ഷേപം തുടരുന്നു.

മത്സ്യം, മാംസം, മുട്ട എന്നിവയുടെ 90 ശതമാനവും അയല്‍സംസ്ഥാനങ്ങളില്‍ നിന്നാണെത്തുന്നത്. ഇടനിലക്കാരും കരിഞ്ചന്തക്കാരുമാണ് കേരളത്തില്‍ വില നിയന്ത്രിക്കുന്ന പ്രധാന ഘടകങ്ങള്‍.

തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ജനങ്ങളെ ഇളക്കാനുള്ള തന്ത്രം മാത്രമാണ് തിങ്കളാഴ്ചത്തെ ബന്തെന്ന് ജനംതിരിച്ചറിയേണ്ടി യിരിക്കുന്നു

No comments: