ഇത് കേരള കോണ്‍ഗ്രസിന്റെ ഒരു പറ്റം അനുയായികള്‍ നയിക്കുന്ന ഒരു ബ്ലോഗ്‌ ആണ് ...ഇതില്‍ സത്യം മാത്രമേ പറയൂ ...

നമ്മുടെ ചിഹ്നം

Monday, June 7, 2010

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശവുമായി 'കത്തോലിക്കസഭ'പത്രം

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശവുമായി 'കത്തോലിക്കസഭ'പത്രം

Sunday, June 6, 2010
തൃശൂര്‍: കേരള കോണ്‍ഗ്രസ് ലയനം സംബന്ധിച്ച് പ്രതികൂല പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി 'കത്തോലിക്കസഭ' മാസപത്രം. ഞായറാഴ്ച വിശ്വാസികളുടെ കൈകളിലെത്തുന്ന പത്രത്തിന്റെ ഈമാസത്തെ ലക്കത്തിലാണ് വാര്‍ത്തയുള്ളത്. വോട്ടിനെ ആര്‍ക്കാണ് ഭയം? തലക്കെട്ടിലെ പ്രധാന വാര്‍ത്തയിലാണ് കേരള കോണ്‍ഗ്രസിനെ ന്യായീകരിച്ചും കോണ്‍ഗ്രസിനെ വിമര്‍ശച്ചും സഭ നയം വ്യക്തമാക്കിയത്. കരുത്തും കര്‍മശേഷിയുമുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രസ്ഥാനം കരുണാകരനെ പോലുള്ളവരുടെ നേതൃത്വത്തിലായിരുന്നു. കത്തോലിക്കരുടെ കൂടി വോട്ട് സമ്പാദിച്ച് പലതവണ അധികാരത്തിലേറിയ കോണ്‍ഗ്രസിന് ഇന്നതില്ല. കത്തോലിക്കാ സമൂഹത്തിന്റെ നീതിപൂര്‍വമായ ആവശ്യങ്ങള്‍ക്കുവേണ്ടി കോണ്‍ഗ്രസ് എത്രത്തോളം നിലകൊണ്ടുവെന്ന ആത്മപരിശോധന അനിവാര്യമായെന്ന് പത്രം പറയുന്നു.
കേരള കോണ്‍ഗ്രസുകളുടെ ലയനത്തിന് പിന്നില്‍ കത്തോലിക്കാ മെത്രാന്‍മാരാണെന്നാണ് ഇടതുമുന്നണി ആക്ഷേപം. മതം, മതപരമായ കാര്യങ്ങളില്‍ ഇടപെടണമെന്നും രാഷ്ട്രീയത്തില്‍ ഇടപെടരുതെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ കൂടുതല്‍ പങ്കുവെക്കേണ്ടിവരുമോയെന്ന ആശങ്കയാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്‍േറത്. പാര്‍ട്ടികള്‍ പാര്‍ട്ടികളില്‍ ലയിക്കുന്നതും വ്യക്തികള്‍ കൂടുമാറി കൂറുമാറി പാര്‍ട്ടികളില്‍ ചേക്കേറുന്നതും ഇടതിലോ വലതിലോ പുത്തരിയല്ല. ഇതില്‍ കത്തോലിക്കസഭ നേതൃത്വങ്ങള്‍ വഴിവിട്ട് ഇടപെടാറില്ല. എന്നാല്‍, തങ്ങളെ ബാധിക്കുന്ന പ്രശ്‌നമായാല്‍ ഇടപെടുമെന്നും പത്രം പറയുന്നു. രാഷ്ട്രീയ ചലനങ്ങള്‍ സഭാ പിതാക്കന്‍മാര്‍ കാണരുതെന്ന നിര്‍ദേശം അവരെ തടയുന്നതിന് തുല്യമാണ്. സമൂഹത്തിന്റെ നേതാക്കള്‍ കൂടിയാണവര്‍. അവര്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് വലിയ പാതകമല്ലെന്ന് മുന്നണികള്‍ അംഗീകരിക്കണം.
ജനാധിപത്യ വോട്ടുകള്‍ ഭിന്നിക്കരുതെന്ന ചിന്തയുണ്ടാക്കിയിരുന്നതിനാലാണ് ഇതുവരെ തൃശൂര്‍ പോലുള്ള മേഖലയില്‍ കേരള കോണ്‍ഗ്രസ് ശക്തിപ്രാപിക്കാതിരുന്നത്. ഇപ്പോള്‍ സ്ഥിതിമാറി. തെരഞ്ഞെടുപ്പ് കാലത്ത് മധുരവാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറിയവര്‍ പിന്നീട് സഭയുടെ പ്രതിസന്ധികളില്‍ മുഖംതിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് പോലെ സഭയോടൊപ്പം നിന്ന ഒരു പാര്‍ട്ടിയുടെ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മാര്‍ റാഫേല്‍ തട്ടില്‍ ചീഫ് എഡിറ്ററായ പത്രം ചൂണ്ടിക്കാട്ടുന്നു.
ലയനം കത്തോലിക്കാസമൂഹത്തെ ശക്തിപ്പെടുത്തുമെന്നും അത് തങ്ങള്‍ പിന്തുണക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് ക്ഷീണമുണ്ടാക്കുമെന്നുമുള്ള ആശങ്കയുള്ളതിനാലാണ് 'മാധ്യമം' പത്രവും ചില ചാനലുകളും സഭക്കെതിരെ വാര്‍ത്തകള്‍ നല്‍കുന്നതെന്നും പത്രം വിമര്‍ശിക്കുന്നു.

No comments: