ഇത് കേരള കോണ്‍ഗ്രസിന്റെ ഒരു പറ്റം അനുയായികള്‍ നയിക്കുന്ന ഒരു ബ്ലോഗ്‌ ആണ് ...ഇതില്‍ സത്യം മാത്രമേ പറയൂ ...

നമ്മുടെ ചിഹ്നം

Friday, June 25, 2010

പി.സി. തോമസിന്റെ പാര്‍ട്ടിയില്‍ തുടക്കത്തിലേ ചേരിപ്പോര്‌

കോഴിക്കോട്‌: മാണി കോണ്‍ഗ്രസില്‍ ലയിക്കാനുളള പി.ജെ. ജോസഫിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചു കേരളാ കോണ്‍ഗ്രസി(ജെ)ലെ ഒരു വിഭാഗം പി.സി.തോമസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പാര്‍ട്ടിയില്‍ തുടക്കത്തിലേ ചേരിപ്പോര്‌. ഇക്കഴിഞ്ഞ ഏപ്രില്‍ 30നു രൂപീകരിച്ച പാര്‍ട്ടിക്ക്‌ ഇതുവരെ സംസ്‌ഥാന ഭാരവാഹികളെപ്പോലും തീരുമാനിക്കാന്‍ കഴിയാതിരിക്കവെ വൈസ്‌ ചെയര്‍മാനും ജനറല്‍ സെക്രട്ടറിയും സ്വന്തം നിലയ്‌ക്കു ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചുകൊണ്ടു രംഗത്തുവന്നു. കഴിഞ്ഞദിവസം കോട്ടയത്ത്‌ വൈസ്‌ ചെയര്‍മാന്‍ സ്‌കറിയാ തോമസ്‌ ഒമ്പതു ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചിരുന്നു. കൊല്ലം, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലാ പ്രസിഡന്റുമാരെയാണ്‌ വൈസ്‌ ചെയര്‍മാന്‍ പ്രഖ്യാപിച്ചത്‌. എറണാകുളം, കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമാരെ സംബന്ധിച്ചു പാര്‍ട്ടിക്കുളളില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കവെയാണ്‌ വൈസ്‌ ചെയര്‍മാന്‍ ഈ ജില്ലകളിലടക്കമുളള പ്രസിഡന്റുമാരെ പ്രഖ്യാപിച്ചത്‌. വൈസ്‌ ചെയര്‍മാന്‍ പ്രഖ്യാപിച്ച പ്രസിഡന്റുമാരില്‍ അര്‍ഹതയും പ്രവര്‍ത്തനപരിചയവും ഇല്ലാത്തവരുണ്ടെന്നും എതിര്‍പക്ഷം ആരോപിക്കുന്നു. ഇതിനു മറുപടിയെന്നോണം ജനറല്‍ സെക്രട്ടറി ജോര്‍ജ്‌ സെബാസ്‌റ്റ്യന്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്‌, മലപ്പുറം ജില്ലകളിലെ പ്രസിഡന്റുമാരെ ഇന്നലെ തിരുവനന്തപുരത്തു പ്രഖ്യാപിക്കുകയായിരുന്നു. പാര്‍ട്ടി ചെയര്‍മാന്‍ പി.സി.തോമസിനോടും വൈസ്‌ ചെയര്‍മാന്‍ സ്‌കറിയാ തോമസിനോടും കൂടിയാലോചന നടത്താതെയായിരുന്നുവത്രെ ജനറല്‍ സെക്രട്ടറിയുടെ പ്രഖ്യാപനം. പി.സി. തോമസിന്റെ നേതൃത്വത്തിലുളള കേരളാ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ പ്രഖ്യാപനം നടന്നിട്ട്‌ ഒന്നരമാസം പിന്നിട്ടെങ്കിലും ഇതുവരെ സംസ്‌ഥാന ഭാരവാഹികളോ സംസ്‌ഥാന കമ്മിറ്റിയോ നിലവില്‍ വന്നിട്ടില്ല. നേരത്തെ ജോസഫ്‌ ഗ്രൂപ്പില്‍ ഉണ്ടായിരുന്നവര്‍ ആ പാര്‍ട്ടിയില്‍ വഹിച്ചിരുന്ന സ്‌ഥാനങ്ങള്‍ പുതിയ പാര്‍ട്ടിയിലും തുടരുക മാത്രമാണു ചെയ്യുന്നത്‌. പാര്‍ട്ടി ചെയര്‍മാന്‍ പി.സി.തോമസ്‌, വൈസ്‌ ചെയര്‍മാന്‍മാരായ സുരേന്ദ്രന്‍ പിളള എം.എല്‍.എ, സ്‌കറിയാ തോമസ്‌ ജനറല്‍ സെക്രട്ടറി ജോര്‍ജ്‌ സെബാസ്‌റ്റ്യന്‍ എന്നിവര്‍ അടങ്ങുന്ന നാലംഗ സംസ്‌ഥാന കമ്മിറ്റിയാണ്‌ പാര്‍ട്ടിക്കുളളത്‌. അതേസമയം മാണി- ജോസഫ്‌ ലയനം പ്രഖ്യാപിച്ചു 10 ദിവസത്തിനകം മാണി കോണ്‍ഗ്രസിനു സംസ്‌ഥാന കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും നിയോജകമണ്ഡലം കമ്മിറ്റികളും നിലവില്‍വന്നു. ഓരോ ജില്ലയിലും വളരെക്കുറുച്ചു പാര്‍ട്ടിപ്രവര്‍ത്തകരെ പി.സി.തോമസിനൊപ്പമുള്ളുവെങ്കിലും ഏകാഭിപ്രായത്തോടെ ഭാരവാഹികളെ നിശ്‌ചയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ്‌ ആരോപണം. പി.സി.തോമസ്‌ വിഭാഗത്തിനു മന്ത്രിസ്‌ഥാനം നല്‍കാനും മുന്നണിയില്‍ എടുക്കാനും സി.പി.എം തയാറാണെങ്കിലും പാര്‍ട്ടിക്കുളളില്‍ തുടക്കത്തിലേ വന്ന ചേരിപ്പോരു പ്രതിസന്ധിയുണ്ടാക്കാനിടയുണ്ട്‌.

-ടി.കെ.ജോഷി Mangalam.com

No comments: